ജനുവരിയിലെ തണുത്ത ഞാറാഴ്ച. തലസ്ഥാനം മൂടല്‍മഞ്ഞ് പുതച്ചുറങ്ങുകയാണു. സൂര്യനെ കണ്ടിട്ട് തന്നെ മാസം ഒന്നു കഴിഞ്ഞു. കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ ഉറക്കം തന്നെ പ്രധാനവിനോദം. രാത്രിവൈകും വരെ അറിയാവുന്നഭാഷകളിലൊക്കെ പടവും കണ്ടിരിക്കും. സൂര്യനുദിക്കാത്തതിനാല്‍ ഉച്ചകഞ്ഞി ലക്ഷ്യമാക്കി ഉണരും.
പേരില്ല.. നമ്പറാണു.. IDEA ക്കാരും അല്ല.. ഉറക്കചതവിലായതിനാല്‍ കൂടുതല്‍ ചിന്തിക്കതെ ഫോണ്‍ എടുത്തു, മറുതലക്കുള്ളവര്‍ എന്റെ ഉത്തരവാദിത്വബോധം മനസ്സിലാക്കേണ്ടെന്നു കരുതി സാമാന്യം ഉറച്ച ശബ്ദത്തില്‍ ഒരു ഹലോ വെച്ചു കൊടുത്തു.
പക്ഷെ തിരിച്ച് മധുരശബ്ദത്തില്‍ ഒരു കിളിനാദം.
“ഹലോ, എന്നെ മനസ്സിലായ്യോ..???“
എവിടെയോ കേട്ടുമറന്നശബ്ദം പക്ഷെ എവിടെ എന്നു ഓര്‍മ കിട്ടണില്ല..
“ഞാന്‍ ദിവ്യ; ഇപ്പോള്‍ഓര്‍ക്കുന്നോ..?“
ഈശ്വരാ, ഈ ശബ്ദം എങ്ങെനെ ഞാന്‍ മറന്നു. ഒരുകാലത്ത് എന്റെ ജീവിതത്തിന്റെ സംഗീതാമയിരുന്നു ആ ശബ്ദം. ആ മൊഴികളൊന്നു കേള്‍ക്കാന്‍ കാത്തിരുന്നിട്ടുണ്ട്. അവളില്ലാത്ത ജീവിതം ഉരുളകിഴങ്ങില്ലാത്ത നോര്‍ത്ത് ഇന്ത്യന്‍ ഡിഷ് പോലെ അസാധ്യമാണെന്നു കരുതിയതാണു. എന്നിട്ടു ഞാന്‍ മറന്നു.... പെട്ടെന്നു തന്നെ ഓര്‍മ്മകൂട്ട് സൈന്‍ ഔട്ട് ചെയ്ത് ഞാന്‍ യാഥാര്‍ഥ്യത്തിലേക്ക്.. മനസ്സിലെ ജാല്യത മറച്ച് പിടിച്ച് ഞാന്‍ പറഞ്ഞു..

“പിന്നെ ഓര്‍മയില്ലാതെ.. കുറേ ആയില്ലെ വിളിച്ചിട്ട് അതാ പെട്ടെന്നു മനസ്സിലാകാഞ്ഞെ..“
“ അജൂ ഈ വരുന്ന 14 നു എന്റെ കല്യാണമാണു നീ വരണം.”
കേട്ടപ്പോള്‍ തന്നെ മനസ്സില്‍ പൊട്ടാനിരുന്ന ലഡു നിലത്തു വീണു മണ്ണു പറ്റിയപോലെ ആയി. ശരിക്കും ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും.. ഒരു കാലത്ത് നീയില്ലതെ ഒരു ജീവിതമില്ലെന്നു പറഞ്ഞവളാണു, ഇപ്പോള്‍ ഇങ്ങനെ...
തന്റേതല്ലാത്ത എന്തൊക്കെയ്യൊ കാരണങ്ങള്‍ കൊണ്ടാണവള്‍ അന്നു ഒരു വാക്കു പോലും പറയാതെ പോയതെന്നറിയാം. എങ്കിലും എപ്പോഴെങ്കിലും അവള്‍ തിരിച്ച് വരുമെന്നും മുറിഞ്ഞ്പോയ സ്വപ്നങ്ങള്‍ ഒരുമിച്ച് കൂട്ടിതുന്നാമെന്നു മനസ്സിലെവിടെയോ ഉറപ്പിച്ചു വച്ചിരുന്നു.. എന്നിട്ടിപ്പോള്‍ ഒരു നിമിഷം കൊണ്ട് എല്ലാം വീണ്ടും തകര്‍ന്നതു പോലെ..
“നീ വരില്ലേ..???“
ഓര്‍മയുടെ വക്കില്‍ തട്ടിയ നനവ് വാക്കുകളിലറിയിക്കാതെ ഞാന്‍ പറഞ്ഞു..
“ഞാന്‍ വരും, തീര്‍ച്ചയായും വരും..“
പോകണം അവളുടെ കല്യാണത്തിനു.. അവളെ കാണണം, ഒരു കല്യാണപെണ്ണായി കാണണം. അതെന്റെ അരികില്‍ അല്ലെങ്കില്‍ കൂടി. അതായിരിക്കട്ടെ അവളെ കുറിച്ചുള്ള അവസാന ഓര്‍മ്മ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ