2011, മേയ് 29, ഞായറാഴ്‌ച

ഒരു ഫോണ്‍ കാള്‍

                ജനുവരിയിലെ തണുത്ത ഞാറാഴ്ച. തലസ്ഥാനം മൂടല്‍മഞ്ഞ് പുതച്ചുറങ്ങുകയാണു. സൂര്യനെ കണ്ടിട്ട് തന്നെ മാസം ഒന്നു കഴിഞ്ഞു. കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ ഉറക്കം തന്നെ പ്രധാനവിനോദം. രാത്രിവൈകും വരെ അറിയാവുന്നഭാഷകളിലൊക്കെ പടവും കണ്ടിരിക്കും. സൂര്യനുദിക്കാത്തതിനാല്‍ ഉച്ചകഞ്ഞി ലക്ഷ്യമാക്കി ഉണരും.

                അങ്ങനെ പുലര്‍കാലസുന്ദരസ്വപ്നത്തില്‍ ലയിച്ചിരിക്കുമ്പോഴാണു രംഗബോധമില്ലാത്ത കോമാളിയെ പോലെ അവന്‍ പാടിതുടങ്ങിയതു.  “അനുരാഗവിലോചനരായി അതിലേറെ മോഹിതരായി...... “ വെറാരുമല്ല എന്റെ മൊബൈല്‍ തന്നെ. ഒരിക്കലും പിരിയില്ലെന്ന വാശിയില്‍ തണുപ്പാസ്വദിച്ച് കെട്ടിപിടിച്ചുറങ്ങുന്ന കണ്‍പോളകളെ ഒരു കൈകൊണ്ട് വിരഹിണിയാക്കി ഫോണിലേക്ക് നോക്കി, ഏതു തെണ്ടിയാണാവോ ഈ വെളുപ്പാങ്കാലത്ത് മെനക്കെടുത്താനായിട്ട്..

            പേരില്ല.. നമ്പറാണു.. IDEA ക്കാരും അല്ല.. ഉറക്കചതവിലായതിനാല്‍ കൂടുതല്‍ ചിന്തിക്കതെ ഫോണ്‍ എടുത്തു, മറുതലക്കുള്ളവര്‍ എന്റെ ഉത്തരവാദിത്വബോധം  മനസ്സിലാക്കേണ്ടെന്നു കരുതി സാമാന്യം ഉറച്ച ശബ്ദത്തില്‍ ഒരു ഹലോ വെച്ചു കൊടുത്തു.

പക്ഷെ തിരിച്ച് മധുരശബ്ദത്തില്‍ ഒരു കിളിനാദം.

“ഹലോ, എന്നെ മനസ്സിലായ്യോ..???“

എവിടെയോ കേട്ടുമറന്നശബ്ദം പക്ഷെ എവിടെ എന്നു ഓര്‍മ കിട്ടണില്ല..

“ഞാന്‍ ദിവ്യ; ഇപ്പോള്‍ഓര്‍ക്കുന്നോ..?“

                  ഈശ്വരാ, ഈ ശബ്ദം എങ്ങെനെ ഞാന്‍ മറന്നു. ഒരുകാലത്ത് എന്റെ ജീവിതത്തിന്റെ സംഗീതാമയിരുന്നു ആ ശബ്ദം. ആ മൊഴികളൊന്നു കേള്‍ക്കാന്‍ കാത്തിരുന്നിട്ടുണ്ട്. അവളില്ലാത്ത ജീവിതം ഉരുളകിഴങ്ങില്ലാത്ത നോര്‍ത്ത് ഇന്ത്യന്‍ ഡിഷ് പോലെ അസാധ്യമാണെന്നു കരുതിയതാണു. എന്നിട്ടു ഞാന്‍ മറന്നു....  പെട്ടെന്നു തന്നെ  ഓര്‍മ്മകൂട്ട് സൈന്‍ ഔട്ട് ചെയ്ത് ഞാന്‍ യാഥാര്‍ഥ്യത്തിലേക്ക്.. മനസ്സിലെ ജാല്യത മറച്ച് പിടിച്ച് ഞാന്‍ പറഞ്ഞു..

“പിന്നെ ഓര്‍മയില്ലാതെ.. കുറേ ആയില്ലെ വിളിച്ചിട്ട് അതാ പെട്ടെന്നു മനസ്സിലാകാഞ്ഞെ..“

“ അജൂ ഈ വരുന്ന  14 നു എന്റെ കല്യാണമാണു നീ വരണം.”

കേട്ടപ്പോള്‍ തന്നെ മനസ്സില്‍ പൊട്ടാനിരുന്ന ലഡു നിലത്തു വീണു മണ്ണു പറ്റിയപോലെ  ആയി. ശരിക്കും ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും.. ഒരു കാലത്ത് നീയില്ലതെ ഒരു ജീവിതമില്ലെന്നു പറഞ്ഞവളാണു, ഇപ്പോള്‍ ഇങ്ങനെ...


         തന്റേതല്ലാത്ത എന്തൊക്കെയ്യൊ കാരണങ്ങള്‍ കൊണ്ടാണവള്‍ അന്നു ഒരു വാക്കു പോലും പറയാതെ പോയതെന്നറിയാം. എങ്കിലും എപ്പോഴെങ്കിലും അവള്‍ തിരിച്ച് വരുമെന്നും മുറിഞ്ഞ്പോയ സ്വപ്നങ്ങള്‍ ഒരുമിച്ച് കൂട്ടിതുന്നാമെന്നു മനസ്സിലെവിടെയോ ഉറപ്പിച്ചു വച്ചിരുന്നു.. എന്നിട്ടിപ്പോള്‍ ഒരു നിമിഷം കൊണ്ട് എല്ലാം വീണ്ടും തകര്‍ന്നതു പോലെ..

“നീ വരില്ലേ..???“

ഓര്‍മയുടെ വക്കില്‍ തട്ടിയ നനവ് വാക്കുകളിലറിയിക്കാതെ ഞാന്‍ പറഞ്ഞു..

“ഞാന്‍ വരും, തീര്‍ച്ചയായും വരും..“


പോകണം അവളുടെ കല്യാണത്തിനു.. അവളെ കാണണം, ഒരു കല്യാണപെണ്ണായി കാണണം. അതെന്റെ അരികില്‍ അല്ലെങ്കില്‍ കൂടി. അതായിരിക്കട്ടെ അവളെ കുറിച്ചുള്ള അവസാന ഓര്‍മ്മ..



2011, മേയ് 22, ഞായറാഴ്‌ച

“മുഹൂര്‍ത്തം“

മാനം വല്ലാണ്ട് കറുത്തു
ഇളം കാറ്റ് വീശുന്നുമുണ്ട്
മെര്‍ക്കുറിലെവല്‍
ഒറ്റ ദിവസം കൊണ്ട്
നാല്പത്തഞ്ചില്‍ നിന്നും
മുപ്പതിലേക്ക് താണു..

ചുട്മണ്ണിനു കുളിരേകി കൊണ്ട്
പുതുമഴ ഊഴിയിലേക്കാഴ്ന്നിറങ്ങി..
അന്തരീക്ഷം പ്രണയാര്‍ദ്രം..

പിന്നെ ഒട്ടും അമാന്തിച്ചില്ല,
ഞാന്‍ വീട്ടിലേക്കോടിക്കയറി
ഉണക്കാനിട്ട കൊപ്ര വാരിവെക്കാനോ
അയയിലെ വസ്ത്രങ്ങളെടുത്തു
വെക്കാനോ അല്ല..

ഓടിച്ചെന്നു പേനയും പേപ്പറുമെടുത്തു
ഒരു കവിത കുറിക്കണം
എഴുതാന്‍ ഇതിലും നല്ല
കാലാവസ്ഥ കിട്ടാനില്ല
അതേ ഇതാണു കവിത പിറക്കേണ്ട ശുഭമുഹൂര്‍ത്തം

2011, മേയ് 15, ഞായറാഴ്‌ച

72-68

           തെരഞ്ഞെടുപ്പും കഴിഞ്ഞു ഫലവും വന്നു.. എനി താത്വികമായ അവലോകനത്തിന്റെ നാളുകള്‍ . എന്നാല്‍ നമുക്കും അഭിപ്രായം പറയാമല്ലേ..  എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഇവിടെ ചായയും പരിപ്പു വട വിതരണവും ഇല്ല്യാ.. അതും പ്രതീക്ഷിച്ച് ആരും ഈ വഴി വരണ്ടാ.. വേണേല്‍ കമന്റിട്ടാല്‍ ഒന്നോ രണ്ടോ ലൈക്ക് തരാം.. മറ്റൊരു നിര്‍വാഹവുമില്ല്യാ.. 

                   തിരഞ്ഞെടുപ്പ് എന്നാണോ തെരെഞ്ഞെടുപ്പ് എന്നാണൊ പറയേണ്ടതു. ത യുടെ വലത്തു ഒരു വള്ളിയിടണൊ അതോ ഇടത്ത് ഒരു പുള്ളിയിടണോ..?? ഈ വാക്കില്‍ തന്നെ ഈ ഇടതു വലതു അനിശ്ചിതത്വം നിലനില്‍ക്കുന്നതുകൊണ്ടാവാം,    അഞ്ചുകൊല്ലം കൂടുമ്പോള്‍ മലയാളികളും ഇടതും വലതും മാറ്റി കുത്തുന്നത്. ഇപ്രാവിശ്യവും പതിവു തെറ്റിച്ചില്ല്യാ.. കേവലഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ കൊടുത്ത് വീണ്ടും അഞ്ചു വര്‍ഷത്തേക്ക് പരീക്ഷണത്തിനു തയ്യാറായ് നമ്മള്‍ .

      ഫലം വന്നപ്പോള്‍ കേരളക്കരയാകെ സന്തോഷം.. ഇടതും വലതും ജയം ആഘോഷിക്കുന്നു.. ഏറ്റവും വലിയ ഒറ്റകഷിയാണു നമ്മല്‍ എന്നും ഇതു നമ്മുടെ വിജയമെന്നും ഇടതു.. ഇതു വി എസ് ന്റെ വിജയമെന്നു വി എസ് പക്ഷം..  പച്ച ലഡുവും പച്ച പാല്പായസവുമായി മുസ്ലീം ലീഗ്. അതെ അവരും വിജയിച്ചിരിക്കുന്നു. ബി ജെ പി യും സന്തോഷത്തിലാണു. കേരളത്തിലോരു താമര വിരിഞ്ഞില്ലെങ്കിലും രണ്ടിടത്ത് രണ്ടാമതെത്താന്‍ അവ്ര്ക്ക് കഴിഞ്ഞു.. ഫുള്‍ താമരകളായ മലയാളികള്‍ ആസന്ന ഭാവിയില്‍ തന്നെ കേരളത്തില്‍ താമര വിരിയിക്കുമെന്നാശ്വാസം അവര്‍ക്ക്. അങ്ങനെ മത്സരിച്ച എല്ലാ കക്ഷികളും വിജയമാഘോഷിച്ച ഏക തിരഞ്ഞടുപ്പായി ഈ തിരഞ്ഞെടുപ്പ് അറിയപ്പെടും

           വിജയിചെങ്കിലും തെല്ല് ആശങ്കയുള്ള മുഖം ചാണ്ടിച്ചന്റേതായിരുന്നു. എനി ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കണം. കണ്ട അണ്ഡനും അടകോടനും വരെ ജയിച്ചു വന്നിരിക്കുന്നു. ലീഡര്‍ പഠിച്ച പണി 18 ഉം നോക്കിയിട്ട് ജയിക്കാത്ത പൊന്നുമോന്‍ വരെ. വോട്ട് മറിച്ച് മാണി സാറെ പൊട്ടിക്കാന്‍ ശ്രമിച്ചതാ. പക്ഷെ പുള്ളിയും.. അല്ലേലും പാലാ നാട്ടുരാജ്യത്തിലെ രാജാവിനെ പൊട്ടിക്കുക കൊച്ചിന്‍ ടസ്ക്കേര്‍സിനെ പൊട്ടിക്കുന്നത്ര ഈസി അല്ല..പഴയ മെംബര്‍ഷിപ്പ് കാര്‍ഡ് കൊടുത്ത് സിന്ധുജോയിയെ പറ്റിച്ചപോലെ എന്തേലും സീറ്റ് കൊടുത്ത് പറ്റിക്കാന്‍ പറ്റില്ല മാണിസാരെ ഒക്കെ.. എനി വിലപേശലിന്റെ നാളുകള്‍ .

          കണക്കെടുത്ത് നോക്കിയാല്‍ കാണാം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയത് കുഞ്ഞാലികുട്ടിക്കാണു. അവിടെ തോറ്റതു മാധ്യമങ്ങളും. ടി വി കാണാനുള്ളതും പത്രം വായിക്കാനുള്ളതും മാത്രമാണു വിശ്വസിക്കാനില്ലത് അല്ല എന്നു ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ഐസ്ക്രീം എന്നൊക്കെ പറഞ്ഞു അവര്‍ നടത്തിയതൊക്കെ വെള്ളതില്‍ വരച്ച വരപോലായി. അതല്ല പത്രം വായിക്കാത്ത വെങ്ങരയിലെ ജനങ്ങള്‍ ജയിപ്പിച്ചാല്‍ ഐസ്ക്രീം കിട്ടുമെന്നു തെറ്റിദ്ധരിച്ചു കാണുമോ..? ഈ ചൂടിനു ഐസ്ക്രീം കിട്ടിയാല്‍ പുളിക്കൊ..? തമിഴ്നാട്ടില്‍ അമ്മ ടി വി യും ലാപ് ടോപ്പും വരെ കൊടുക്കുമ്പോല്‍ ഒരു ഐസ്ക്രീം ആഗ്രഹിച്ച മലയാളിയെ കുറ്റം പറയാന്‍ പറ്റില്ല. 

         ജയിപ്പിച്ചു വിട്ടാല്‍ കുഞ്ഞാലി നിയമസഭയില്‍ ഇരുന്നോളും , നാട്ടിലേക്ക് തിരിഞ്ഞ് നോക്കില്ല ( അതാണല്ലോ രഷ്ട്രീയക്കരുടെ സ്വഭാവം) പിന്നെ  നാട്ടിലെ പെണ്ണുങ്ങള്‍ക്ക് സുഖമായി ജീവിക്കാലോ എന്നു കരുതിയാണു ജയിപ്പിച്ചതെന്നു ഒരു മങ്കടക്കാരന്‍ പറഞ്ഞുകേട്ടു..എല്ലാം പടച്ചോന്റെ കളി. 

സീറ്റ് വിഭജനമാണു ഉമ്മന്റെ പ്രധാന തലവേദന. ആരെയെങ്കിലും ചൊടിപ്പിച്ചാല്‍ അവരു കാലുവാരും.. അതൊറപ്പ്. അഥവാ എങ്ങെനേലും പ്രു മന്ത്രിസഭ തട്ടിക്കൂട്ടിയാലു എത്രകാലം ഭരിക്കാന്‍ പറ്റുമെന്നും ഉറപ്പില്ല. ആരേലും ഒരുത്തനു മൂത്രമൊഴിക്കാന്‍ മുട്ടിയാലോ വയറിളക്കം വന്നാലോ ബില്ല് പാസ്സാക്കന്‍ പറ്റാത്ത അവസ്ഥ.. പിന്നെ 68 അംഗങ്ങള്‍ ഉള്ള പ്രതിപക്ഷം, വി എസ് ഒറ്റയ്ക്ക് നിന്നാല്‍ പെടുക്കുന്ന ടീമാ.. എനി 68 എണ്ണത്തെ എങ്ങെനെ നേരിടും. ഓര്‍ക്കുമ്പോള്‍ തന്നെ ചാണ്ടിച്ചനു മുട്ട് വിറക്കുന്നു. കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷമാകും വരാന്‍ പോകുന്നതു എന്നതില്‍ നമുക്കാശ്വസിക്കാം...
              പക്ഷെ ഒരു കാര്യം ഉറപ്പ് കേരളത്തില്‍ വിദ്യാര്‍ഥികള്‍ ഹാപ്പിയാകും. തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരവും ഹര്‍ത്താലുമല്ലെ വരാന്‍ പോണതു. അങ്ങനെ പോയാല്‍ ഹര്‍ത്താല്‍ ദിനത്തിലെ വന്‍ മദ്യവില്പനയിലൂടെ കേരളം അതിവേഗം ബഹുദൂരം മുന്നിലെത്തും.  സോഫോഗ്ലിസ്സിന്റെ വാളിന്നടിയിലെന്ന്പോലെ ഇരിക്കുന്ന ചാണ്ടിച്ചനേക്കള്‍ ഭേദമാണോ അടുത്താഴ്ച പ്രോജക്റ്റ് രിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യേണ്ട എന്റെ അവസ്ഥ എന്നു സംശയിച്ച്  ഞാന്‍ നിര്‍ത്തുന്നു. ഇന്‍ഷാ അള്ളാ.. എല്ലാം വരുന്നടുത്ത് വച്ച് കാണാം..

2011, മേയ് 4, ബുധനാഴ്‌ച

ആദരാഞ്ജലികള്‍

                മേയ് മാസചൂട് വകവെയ്ക്കാതെ ഫുള്‍സ്പീഡില്‍ കറങ്ങുന്ന ഫാനിന്റെ ചുവട്ടില്‍ ഉറക്കം ആസ്വദിക്കുകയായിരുന്നു .. ഭൂകമ്പം വന്നാലും കണ്ണുതുറക്കില്ലെന്നു വാശിപിടിച്ച ഞാന്‍ ഒരു മെസ്സേജ് വന്നപ്പൊ അറിയാതെ മോബൈല്‍ എടുത്ത് നോക്കി. അതാണു ഞാനും മൊബൈലും  തമ്മിലുള്ള ആ‍ത്മബന്ധം..  മെസ്സേജ് വായിച്ച ഞാനൊന്നു ഞെട്ടി.. ഒസാമ ബിന്‍ലാദന്‍ അന്തരിച്ചു.. കേരളത്തില്‍ നാളെ ഹര്‍ത്താല്‍ .. രണ്ടാമതു പറഞ്ഞതു സ്വാഭവികം പക്ഷെ ആദ്യത്തേത്.. ഓണം വന്നാലും പനി വന്നാലും കെരളം ഹര്‍ത്താല്‍ ആഘോഷിക്കും.. എന്നാലും ഒസാമ...   കാള പെറ്റെന്നു കേട്ടാലുടനെ ജോണ്‍സണ്‍സ് ബേബി സോപ്പ് വാങ്ങാന്‍ പോകുന്നത് വിവരക്കേടല്ലേ.. അതു കൊണ്ട് തന്നെ മെസ്സേജ് ആര്‍ക്കും ഫോര്‍വെര്‍ഡ് ചെയ്തില്ല.. സത്യത്തില്‍ വേറൊരു കാരണം കൂടി ഉണ്ട്.... രണ്ട് മാസം മുന്‍പ് നമ്മുടെ ആദരണീയനായ മുന്‍ പ്രസിഡന്റ് കലാമിനെ കൊന്നതിന്റെ പേരില്‍ ഒരുപാട് അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.. അതുകോണ്ട് എനിയും അഭിന്ദനം വാങണ്ടന്നു കരുതി.. സത്യമെന്തെന്നറിയാന്‍ facebook ല്‍ കയറി. ഇവിടെ കിട്ടാത്ത ന്യൂസ് ഉണ്ടോ..?

            ഫേസ്ബുക്കില്‍ എന്താ കഥ..!! സാമ്രാജ്യത്തിനെതിരെ പോരാടി ധീരരക്തസാക്ഷിത്വം വരിച്ച സഖാവ് ഒസാമയ്ക്ക് അഭിവാദ്യങ്ങള്‍ തന്നെ എങ്ങും.. ഇല്ല നിങ്ങല്‍ മരിച്ചിട്ടില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ... അതിപ്പോ അമേരിക്കകെതിരെ ആരു ശബ്ദമുയര്‍ത്തിയാലും അവരു സഖാവാണെന്നു മലയാളീ പക്ഷം..പണ്ട് സദ്ദാമിനു വേണ്ടിയും നമ്മ്ല് ഒരുപാട് ജെയ് വിലിച്ചിട്ടുണ്ടല്ലോ.. കമ്മ്യൂണിസം എന്താണെന്നു കേട്ടിട്ടുണ്ടാകുമോ ആവോ, ഇവ്വ്വരൊക്കെ..???


          മൌസ് വീണ്ടും താഴോട്ട് സ്ക്രോള്‍ ചെയ്തു.. അപ്പോഴതാ ഒരു വീഡിയൊ ലാദന്‍ മരിച്ചിട്ടില്ല. മരിച്ചെന്നു പറഞ്ഞ് പത്രങ്ങളിലൊക്കെയും പബ്ലിഷ് ചെയ്ത ഫോട്ടോകള്‍ ഫോട്ടോഷോപ്പിന്റെ അനേകം സാധ്യതക്ലില്‍ ഒന്നുമാത്രം.. നോക്കുമ്പോള്‍ ശരിയാണു. ലാദന്‍ രണ്ട് വര്‍ഷം മുന്‍പ് ചെയ്ത അതേ പോസ് തന്നെ മരിച്ച ഫോട്ടോയിലും അവിടെ ഇവിടെ കുറച്ച് ചോരയും നരയും മാത്രം കൂടുതല്‍ .. അപ്പോ പ്രൊഫൈല്‍ ഫോട്ടോ ഗ്ലാമര്‍ ആക്കാന്‍ മാത്രമല്ല ഒരാളെ കൊല്ലാനും ഫോട്ടോഷോപ്പ് ഉപയോഗിക്കാം..

          തൊട്ട് താഴെ സാക്ഷാല്‍ അമേരിക്കന്‍  പ്രസിഡന്റ് തന്നെ ഒസാമയുടെ അന്ത്യത്തെ കുറിച്ച് വിവരിക്കുന്ന വീഡിയൊ.. വളരെ സാഹസികമായി അമേരിക്കന്‍ പട്ടാളക്കാര്‍ ഒസാമയെ തട്ടിയതു വിവരിക്കുമ്പോള്‍ വേള്‍ഡ് കപ്പ് പിടിച്ചു നിക്കുന്ന ശ്രീശാന്തിന്റെ ഭാവം മുഖത്ത്..സെപ്തംബര്‍ 11 ന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലാദനെ തീര്‍ക്കാനായത് പറയുംപോള്‍ നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ പോലും ഇല്ലാത്ത സന്തോഷം ആ മുഖത്തു..

       ഒരു ചെറിയ സംശയം ഒബാമയും ഒസാമയും സാഹോദരങ്ങളാണൊ? ആ പെരിലേ സാമ്യം മാത്രമാനു അങ്ങനെ ചിന്തിപ്പിചത് ട്ടോ..അങ്ങനെ ആണേല്‍ ഒസാമ മരിച്ചെന്നു പ്രഖ്യാപിച്ചു, ഒസാമ ദൌത്യം അവസാനിപ്പിക്കുകയും അതുവഴി സ്വന്തം സഹോദരനു ശരിക്കും രക്ഷപ്പെടാനുള്ള വഴിയൊരുക്കളുമാണോ ഒബാമയുടെ ലക്ഷ്യം.. തിരുവായയ്ക്കു എതിര്‍വായ് ഇല്ലാലൊ.. അപ്പോള്‍ ഒബാമ പറഞ്ഞാല്‍ ലാദന്‍ മരിച്ചു... ബോഡി കിട്ടിയില്ലേലും വേണ്ടാ...

              വേറൊരു സംശയം.. ഒസാമ മരിചെന്ന്ന്നു പറഞ്ഞ് പരത്തിയാല്‍ താന്‍ മരിച്ചില്ലെന്നു തെളിയിക്കാന്‍ ഒസാമ വരുമെന്നും അപ്പോള്‍ തട്ടാമെന്നുമാണോ ഒബാമയുടെ യഥര്‍ത്ഥ പ്ലാന്‍ ..ഹേയ് ആവില്ല.. ഒബാമ ഒരു മലയാളി  അല്ലല്ലോ ഇത്രയും കുനിഷ്ട് ചിന്തിക്കാന്‍..
            ഏതായാലും ഒസാമയെ അമേരിക്കകാര്‍ തട്ടിയതു നന്നായി. ഇന്ത്യയില്‍ ആയിരുന്നേല്‍ ന്യൂനപക്ഷ അതിക്രമണം എന്നൊക്കെ പറഞ്ഞു ഒരു വര്‍ഗ്ഗീയ ലഹള ക്കുള്ള സ്കോപ്പ് ഉണ്ടായേനെ...

         ഇപ്പോഴാണു വേറൊരു വാര്‍ത്ത കേട്ടതു ഒസാമ മരിച്ചതിന്റെ ഉത്തരവാദിത്ത്വം സന്തോഷ് പണ്ടിറ്റ് ഏറ്റേടുത്തു. അദ്ദേഹത്തിന്റെ ക്രിഷ്ണനു രാധയും ഉടനെ റിലീസ് ആകുമെന്നറിഞ്ഞ് ആത്മ്ഹത്യ ചെയ്തതാണത്രെ ലാദന്‍  .. തന്നെക്കള്‍ വലിയ ദേശദ്രോഹികള്‍ ഇവീടുള്ളപ്പോള്‍ തനിക്ക് സമാധാനമായി മരിക്കാമെന്നാണു ലാദന്‍ അവസാനമായ് ട്വീറ്റ് ചെയ്തതു.

         എന്തൊക്കെ പറഞ്ഞാലും എനിക്കും എന്നെപോലുള്ളവര്‍ക്കും ലാദന്‍ ഒരു വീരപുരുഷന്‍ തന്നെ.. അല്ലെങ്കില്‍ തന്നെ അമേരിക്കയുടെ കിരീടത്തിലേക്ക് ഒരു ബീമാനം അടിച്ചു കേറ്റാനുള്ള ധൈര്യം ആര്‍ക്കണുള്ളതു.. അതും ഈ 21 നൂറ്റാണ്ടില്‍.
    അമേരിക്കയ്ക്കെതിരെ മനുഷ്യചങ്ങല പിടിക്കാനേ നമ്മുടെ നാട്ടാര്‍ക്കാവൂ.. മാര്‍ഗ്ഗമല്ല ലക്ഷ്യമാണു പ്രധാനം എന്നു പറഞ്ഞവരും സീതയ്ക്കു വേണ്ടി ലങ്കമുഴുവന്‍ ചുട്ടെരിച്ചവരുമൊക്കേയാണു നമ്മൂടെ ദൈവങ്ങള്‍.. അതുകൊണ്ട് തന്നെ വരും തലമുറ ലാദനെ പൂവിട്ട് പൂജിച്ചാലും അതിശയോക്തിയില്ല...

      എന്താണ് തീവ്രവാദം, ,അല്ലെങ്കില്‍ ഭീകര വാദം എന്നതിന് ശരിക്കും ഒരു നിര്‍വചനം ഉണ്ടോ ??? തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ..അല്ലെങ്കില്‍ തങ്ങള്‍ക്കു ശരി എന്ന് തോന്നുന്ന വിഷയം ..അത് നടപ്പിലാക്കാന്‍ ഏതറ്റം വരെ പോകാനും ..എന്ത് ചൈയ്യാനും മടിയില്ലാതെ, ലക്‌ഷ്യം നേടാന്‍ ഒരു കൂട്ടര്. അതിനെ അടിച്ചമര്‍ത്താന്‍ വേറെ ഒരു കൂട്ടര്‍ ..ആരാണ് ശരി ..ആരാണ് തെറ്റ് ...


ബിന്‍ ലാദന്‍ കൊന്നതിലേറെ മനുഷ്യരെ അമേരിക്കന്‍ സര്‍ക്കാര്‍ അഫ്ഗാനില്‍ കൊന്നിട്ടില്ലേ ...
വിയറ്റ്‌ നാമിലും .ഇറാക്കിലും കൊന്നോടുക്കിയില്ലേ?
വേലുപ്പിള്ള പ്രഭാകരന്‍ കൊന്നതിലേറെ മനുഷ്യരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കൊന്നോടുക്കിയില്ലേ ...
ഈ ഭരണ കൂടാ ഭീകരത യെ നമ്മള്‍ എന്ത്  പേരിട്ട്  വിളിക്കും ...??.

ആത്മാവിനു നിത്യശാന്തിനേര്‍ന്നുകൊണ്ട്....

2011, മേയ് 2, തിങ്കളാഴ്‌ച

മടിയന്മാര്‍

ക്ഷീണിച്ചു ഞാന്‍ പൊരിഞ്ഞ
സംവാദത്തിനൊടുവില്‍,
ലോകം കണ്ട ഏറ്റവും വലിയ മടിയന്‍
ഞാനാണെന്നു ഞാനും 
അവനാണെന്നു അവനും വാദിച്ചു. 

ഉറക്കത്തിന്റെയും ഓര്‍ക്കുട്ടിങ്ങിന്റെയും 
കണക്കുകള്‍ നിരത്തി വെച്ച് വാദം നീണ്ടു. 
ഏറെ അധ്വാനിച്ചു രണ്ട്പേരും
കേമന്‍ ആരാണെന്നു തെളിയിക്കാന്‍ .. 

ഇഞ്ചോടിഞ്ച് നിന്ന പോരാട്ടത്തിനൊടുവില്‍
ഒരു  തീരുമാനത്തിലെത്തി, 
അവന്റെ നാട്ടില്‍ അവനും 
എന്റെ നാട്ടില്‍ ഞാനുമാണു 
ഏറ്റവും വലിയ മടിയന്‍ ..