തുലാം പത്ത് : വീണ്ടുമൊരു തെയ്യക്കാലം
ഉത്തരമലബാറിലെ ഗ്രാമ്യനിഷ്കളങ്കതയോടുമൊപ്പം ആചാരനുഷ്ടാനങ്ങളും വിശ്വാസങ്ങളും കോർത്തിണക്കിയ വിശേഷ കലാരൂപമാണ് തെയ്യം. കലാസംസ്കാരത്തിന്റെയും ദൈവഭക്തിയുടെയും സമ്മേളനമാണ് ഓരോ തെയ്യക്കോലങ്ങളും ദൈവം എന്ന പദത്തില്‍ നിന്നാണ് തെയ്യത്തിന്‍റെ ഉത്പത്തി; അഥവാ മണ്ണിലേക്കിറങ്ങി വന്ന ദൈവരൂപങ്ങളാണു തെയ്യങ്ങള്‍.

വിശ്വാസികൾക്ക് സങ്കടങ്ങൾ തീർക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ആണ് തെയ്യങ്ങളെങ്കിൽ അവിശ്വാസികള്‍ക്കിതു വശ്യമായൊരു കലാരൂപമാണ്.
കൂട്ടുകുടുംബങ്ങളിലും ബന്ധുക്കൾക്കിടയിലും സൗഹൃദങ്ങൾക്കിടയിലും ഒത്തുചേരലുകൾ തെയ്യക്കാലത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ പ്രായഭേദമന്ന്യേ ജാതിഭേദമെന്ന്യേ തെയ്യത്തെ മലബാറുകാര്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്നു. കൂട്ടായ്മയ്ക്ക് ശക്തി പകരാനും വ്യക്തിചിന്തകളുടെ സ്ഥാനത്ത് സമൂഹിക ബോധത്തെ പ്രതിഷ്ഠിക്കുവാനും ഏറെക്കുറെ തെയ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കൂട്ടുകാരും നാട്ടുകാരും ബന്ധുജനങ്ങളും ഒത്തു ചേരുന്ന വലിയൊരു ഉത്സവമാണ് ഓരോ തെയ്യത്തിന്റെ തിരി തെളിയലുകളും.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് പ്രധാനമായും തെയ്യം കെട്ടിയാടുന്നത്. വയനാട്ടിലും കോഴിക്കോടിന്റെ ചില പ്രദേശങ്ങളിലും തെയ്യത്തിന്റെ വകഭേദങ്ങളുണ്ട്.
ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നതെങ്കിലും നൂറിൽപരം തെയ്യങ്ങൾ മാത്രമേ ഇപ്പോൾ സജീവമായി കണ്ടു വരുന്നുള്ളൂ.
മലയാളം കലണ്ടറനുസരിച്ച് തുലാമാസം പത്ത് മുതല്‍ (ഒക്ടോബര്‍ - നവംബര്‍) ഇടവപ്പാതി (മെയ് - ജൂണ്‍) വരെ നീണ്ടുനില്‍ക്കുന്നതാണ് തെയ്യക്കാലം. ഒരു വര്‍ഷത്തെ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വര്‍ഷത്തെ വിളവെടുപ്പ് വരെയുള്ള കാലമാണിത്. സമൂഹത്തിന്‍റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ഥനയായി തെയ്യം കെട്ടിയാടുന്നു എന്ന സങ്കല്‍പ്പവും ഉണ്ട്. അങ്ങനെ നാടിന്റെ രക്ഷകനായും രോഗങ്ങൾ ശമിപ്പിക്കുന്ന അവതാരപുരുഷനായും കർഷകന്റെ വിളകാക്കുന്ന നാഥനായും തെയ്യങ്ങൾ ഗ്രാമവാസികളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു.
ഓരോ തെയ്യത്തിന്‍റെയും തുടക്കത്തിന് പിന്നിൽ അതാതു ദേശവും കാലവുമനുസരിച്ച് വ്യത്യസ്ഥമായ ഐതിഹ്യങ്ങളുണ്ട്. പ്രാധനമായും വിഷ്ണുവിന്റെയും ശിവന്റെയും പ്രാദേശിക അവതാരങ്ങൾ ആണ്. തെയ്യങ്ങളിലുള്ളത്. എങ്കിലും കാളിയും ചാമുണ്ടിയും ഗന്ധര്‍വനും നാഗവും ആ ദേശത്ത് ജീവിച്ച വീരന്മാരുടെ കഥകൾ ഒക്കെ തെയ്യങ്ങൾ ആകാറുണ്ട്.
തെയ്യം കെട്ടിയാടുന്നതിന് മുന്‍പായി തോറ്റം എന്ന ചടങ്ങുണ്ട്. കോലകാരൻ പള്ളിയറയ്ക്ക് മുന്‍പില്‍ വാദ്യമേളങ്ങളോടു കൂടി വന്ദിക്കുന്നതാണിത്. ഓരോ തെയ്യത്തിനും പ്രത്യേകമായുള്ള ഐതിഹ്യവും പശ്ഛാത്തലവും മുഴുവനായി പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. ഇതിനെ തോറ്റം പാട്ട് എന്നു വിളിക്കുന്നു. തെയ്യം ഉണ്ടായിട്ടുള്ളത് ഹൈന്ദവസംസ്കാരത്തിന്‍റെ ഭാഗമായാണെങ്കിലും തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ബാപ്പിരിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്‍റെ സാമൂഹികനിഷ്പക്ഷതയ്ക്ക് ഉത്തമോദാഹരണമാണ്.
നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര?
അതായത് എന്റെയും നിന്റെയും രക്തത്തിന്‍റെ നിറം ഒന്നു തന്നെ അല്ലേ, എന്ന പൊട്ടൻ തെയ്യം ചോദ്യം ജാതിയ്ക്കും മതത്തിനും വേണ്ടി പോരടിക്കുന്ന ഈ സമൂഹത്തിനോടുള്ളതാണ്. ഒരു പക്ഷെ ഈ ചോദ്യം ഏറ്റവും ശക്തമായി രേഖപ്പെടുത്തേണ്ട ഒരു കാലഘട്ടത്തിലേക്കാണ് ഇന്ന് നാടിന്റെ പോക്ക്.

അനുഷ്ഠാനാച്ചാര്യങ്ങളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം ഉണ്ടെന്നാണ് വിശ്വാസം. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, പുലയൻ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്. സങ്കീര്‍ണ്ണമായ നൃത്തച്ചുവടുകളും അസാമാന്യ മെയ് വഴക്കവും തെയ്യം കലയുടെ പ്രത്യേകതയാണ്. ചില തെയ്യക്കോലങ്ങളളിൽ കളരിപയറ്റ് പോലുള്ള നാടന്‍ ആയോധനകലകൾ എത്രമനോഹരമായിട്ടാണ് ആവിഷ്കരിക്കാറുള്ളത്. എങ്കിലും ഇവയൊന്നും പ്രഫഷണലായി പരിശീലനം ഇല്ലെന്നത് ഒരു വസ്തുതയാണ്. പൂര്‍ണ്ണമായും പാരമ്പര്യമായി കൈമാറി വരുന്നതാണീ കല. ഓരോ തെയ്യം കലാകാരനും ഓരോ തെയ്യക്കോലം കെട്ടുന്നതിന് മുന്‍പും ദിവസങ്ങളുടെ വ്രതം നോക്കേണ്ടതുണ്ട്. കെട്ടിയാടുന്ന തെയ്യക്കോലങ്ങല്‍ക്കനുസരിച്ച് വ്രതത്തിലും വ്യത്യാസമുണ്ടാകും. കാവ്, കോട്ടം, സ്ഥാനം, അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആല്‍, പാല, ചെമ്പകം, ഇലഞ്ഞി എന്നിവയുടെ സാന്നിദ്ധ്യം മേല്പറഞ്ഞ തെയ്യസ്ഥാനങ്ങളില്‍ കാണാവുന്നതാണ്. കാവുകളിലോ അറകളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിന് പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്.
കീഴ്ജാതിക്കാരാണ് തെയ്യം കെട്ടിയാടുന്നതെങ്കിലും മേല്‍ജാതിക്കാര്‍ക്കും കളിയാട്ടത്തില്‍ പ്രത്യേക സ്ഥാനങ്ങളും കടമകളുമുണ്ട്. പല ആചാരങ്ങളും നിശ്ചയിക്കുന്നതു അവരാണ്. അങ്ങനെ തെയ്യം പലജാതിക്കാരുടെയും ഒരു കൂട്ടയ്മ്മയുടെ ഫലമാണെന്നു നിസംശയം പറയാം

സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാഘിതമായ ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു ദൃശ്യവിസ്മയമാണ്. അരിപ്പൊടിച്ചാന്ത്, ചുട്ടെടുത്ത നൂറ്, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് നിറങ്ങളെ ചാലിക്കുന്നത്. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ് ചായമെഴുത്തിനുപയോഗിക്കുന്നത്. ഓരോ തെയ്യത്തിന്‍റെയും മുഖത്തെഴുത്ത് വ്യത്യസ്തയുള്ളതാണ്. വസ്ത്രങ്ങളും ആഭരണങ്ങളും ചായക്കൂട്ടുകളും കൂടുതലും കടും ചുവപ്പ് നിറത്തിലാണുള്ളത്. 'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. തെയ്യക്കോലങ്ങള്‍ക്കനുസരിച്ച് മുടിയുടെ രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും വ്യത്യാസം കാണാം. തിറയാട്ടസമയത്ത് ചില തെയ്യങ്ങൾ ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട് - വാളും പരിചയും, അമ്പും വില്ലും, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യംകെട്ടിലെ ശ്രദ്ധേയമായ ചടങ്ങാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും മണ്ണിലേക്കിറങ്ങി വന്ന ദൈവരൂപത്തോടുണര്‍ത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. ചതുർവർണ്യത്തിന്റെ കണക്കെടുത്തു നോക്കിയാൽ, താഴ്ന്ന ജാതിക്കാർ എന്നു കരുതുന്നവർ കെട്ടിയാടുന്ന തെയ്യക്കോലത്തിനെ ജാതി ഭേദമന്യേ , ഉയർന്നവനും താഴ്ന്നവനും എല്ലാവരും തൊഴുതു നില്‍ക്കേണ്ടി വരുമ്പോള്‍ തെയ്യംകെട്ടിനു ഒരു വിപ്ലവമാനം കൈ വരുന്നു.
ഓരോ തെയ്യക്കാലവും മലബാറുകാര്‍ക്ക് ആഘോഷത്തിന്‍റെയും സന്തോഷത്തിന്റെയും നാളുകളാണ്. ഭക്തിയും വിശ്വാസവും അനുഷ്ടാനവും കലാസ്വാദനവും ഒത്തുചേരലുമായി ഒരുപിടി മികച്ച ഓർമ്മകളാണ് ഓരോ തെയ്യകാലവും ബാക്കി വെക്കുന്നത്...
കടപ്പാട് : പല സ്ഥലത്തും കണ്ടതും കേട്ടതും വായിച്ചതും അറിഞ്ഞതും..
ഫോട്ടോ : ഞാന്തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ