2016, മാർച്ച് 19, ശനിയാഴ്‌ച

വഴിതെളിയട്ടെ ..




 "എടാ, എന്തായി എസ് എസ് എല്‍ സി റിസല്‍റ്റ്..??

"കൊയപ്പൂലാ.."

"കൊയപ്പൂല്ലാന്നു പറഞ്ഞാ..?"

“ഒരു A, ബാക്കിയൊക്കെ A+”

“ആഹാ, അടിപോളിയായിനല്ലാ.., പ്ലസ്ടുനു എട്യാ, കരിവെള്ളൂരാ..?”

“അതെ..”

“ആട്യിപ്പോഴും ഫിസിക്സ് എടുക്കുന്നത്  പ്രകാശന്‍ മാഷാ...??”

“അറീല, ഞാന്‍ സയന്‍സ് അല്ല, ഹുമാനിറ്റീസ് ആണ്....”

പത്താം ക്ലാസില്‍ നന്നായി മാര്‍ക്ക് കിട്ടിയവര്, പ്ലസ്‌ടു വില്‍  സയന്‍സ് എടുക്കും അതാണ്‌ കീഴ്വഴക്കം,  ഇവന്‍ ഹുമാനിറ്റീസ് എടുത്തതെന്ന് കേട്ടപ്പോ ചെറിയൊരു സന്തോഷം തോന്നി, പൊതു ധാരണകളില്‍  നിന്ന് മാറി ചിന്തിക്കുന്നത് ചെറിയ കാര്യമാല്ലലോ... എന്നാലും എന്റെ ആകാംക്ഷ, അടുത്ത  ചോദ്യമെറിഞ്ഞു..

“എന്താ സയന്‍സ് എടുക്കാഞ്ഞേ....”


“കുട്ടേട്ടന്‍ പറഞ്ഞിനി സയന്‍സ് ടഫ്ഫാനെന്നു...ജയിക്കാന്‍ പണിയാ.. പിന്നെ സുധിയും അമലും  എല്ലാരും ഹുമാനിറ്റീസ് ആണ്…”

ഇത് നമ്മുടെ നാടിന്റെ നേര്‍ക്കാഴ്ചയാണ്‌. കുട്ടേട്ടന് "ടഫ്ഫ്" ആണേല്‍ എനിക്കും "ടഫ്ഫ്" ആയിരിക്കും  എന്നത് ഗ്രാമത്തിന്റെ നിഷ്കളങ്കതയാണ്. കൂട്ടുകാര്‍ ഒരു കോഴ്‌സിനു ചേര്‍ന്നു എന്നതു ആ കോഴ്സ്  എടുക്കാനുള്ള മതിയായ കാരണം അല്ല. സ്വന്തം അഭിരുചിയ്ക്കും കഴിവിനും അനുസരിച്ചുള്ള മേഖല  ഉപരിപഠനത്തിനു തിരഞ്ഞെടുക്കുകയാണെങ്കിൽ നമുക്ക് അതിൽ നല്ല രീതിയിൽ ശോഭിയ്ക്കാനാകും.

സ്വയം തൊഴിൽ കണ്ടെത്താൻ നമ്മളെ പ്രാപ്തരാക്കുന്ന അനവധി കോഴ്സുകൾ നിലവിലുണ്ട്. അവയും  തിരഞ്ഞെടുക്കാവുന്നതാണ്.  സ്വന്തം കുട്ടിയുടെ വാസന തിരിച്ചറിഞ്ഞ്‌ അതിനനുസൃതമായ കോഴ്‌സുകള്‍ക്ക്‌  ചേര്‍ക്കാന്‍ മാതാപിതാക്കൾക്കും സഹായിക്കാം. അടുത്തവീട്ടിലെ കുട്ടി എന്‍ജിനീയറിങ്ങിനോ മെഡിസിനോ പോകുന്നത്‌ കണ്ട്‌ സ്വന്തം മക്കളെ എന്‍ജിനീയറോ ഡോക്‌ടറോ  ആക്കാന്‍ ശ്രമിക്കരുത്.

ഡോക്ടര്‍ മാരുടെ മക്കള്‍ ഡോക്ടര്‍ ആകുന്നതും എന്‍ജിനീയര്‍ മാരുടെ മക്കള്‍ എന്‍ജിനീയര്‍ ആകുന്നതും  ഒക്കെ അവര്‍ക്ക് നല്ല ജീവിത സാഹചര്യങ്ങളോ ഉയര്‍ന്ന ബൌദ്ധിക നിലവാരമോ ഉള്ളത് കൊണ്ടല്ല.  നല്ലത് തിരിച്ചറിയാനും വലിയ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള വഴി യഥാസമയം കാണിച്ച്   കൊടുക്കാനും അവരുടെ രക്ഷിതാക്കൾക്ക് പ്രാപ്തിയുള്ളത്  കൊണ്ടാണ്. നമ്മുടെ നാട്ടിന്പുറത്തെ  സാധാരണ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ്. നമ്മളെല്ലാവരും    കഴിവിലും ബുദ്ധിയിലും മറ്റാരേക്കാളും പിറകിലല്ല എന്ന് തിരിച്ചറിയുക. സമയോചിതമായ നിര്‍ദ്ദേശങ്ങളും എന്തും  നേടിയെടുക്കാനുള്ള ദൃഡനിശ്ചയവും ഏതു ഉയരങ്ങള്‍ കീഴടക്കാനും നമ്മെ  പ്രാപ്തരാക്കും.

ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലെ വികസനത്തിനും വിദ്യാഭ്യാസത്തിനും സര്കാര്തലത്തില്‍  ഒരുപാട് പദ്ധതികളുണ്ട്. സാക്ഷരതയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരുപടി മുന്നിലാണ്.

എങ്കിലും അടിസ്ഥാന വിദ്യാഭ്യാസതിനപ്പുറത്തേക്ക്, ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍   ഇപ്പോഴും നാട്ടിന്‍പുറങ്ങള്‍ പിന്നോക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്.

ഉന്നത വിദ്യാഭ്യാസമേഖലയിലെ അവസരങ്ങളെക്കുറിച്ചും  ഉദ്യോഗസാധ്യതകളെ കുറിച്ചും  ബോധാവാന്മാരല്ലാത്തത് തന്നെയാണ് പ്രധാനകാരണം. ഇതിനൊരു പ്രതിവിധിയെന്നോണം  കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും ഇടയില്‍ അവബോധം സൃഷ്ടിക്കാനും പ്രചോദനമേകാനും വായനശാലകള്‍ക്കും  പത്രമാധ്യമങ്ങള്‍ക്കും നല്ല പങ്ക് വഹിക്കാനാകും.

മറ്റൊരു കാരണം, ഗ്രാമപ്രദേശങ്ങളിലെ അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവുമാണ്.   ജില്ലാ  സംസ്ഥാന  അഖിലേന്ത്യാ തലത്തിലുള്ള, ഒളിമ്പ്യാഡ്  പോലുള്ള മത്സരപരീക്ഷകളില്‍ നമ്മുടെ നാട്ടില്‍നിന്നു പങ്കെടുക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഇത്തരം  ത്സരപരീക്ഷകളിലും കലാകായികയിനങ്ങളിലും സജീവമായി പങ്കെടുക്കുന്നതു കുട്ടികള്‍ക്ക്‌ സ്വയം വിലയിരുത്താനും  സമഗ്രമായ വ്യക്തിത്വ വികസനത്തിനും വീണു കിട്ടുന്ന അവസരങ്ങളായി വിനിയോഗിയ്ക്കണം.

ഡോകടര്‍ ആക്കുകയോ എന്‍ജിനീയര്‍ ആക്കുകയോ സാമ്പത്തികമായി വലിയൊരു ബാധ്യത ആയി കണക്കാക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്‌. എന്നാല്‍ സര്‍ക്കാര്‍ കോളേജുകളിലും മറ്റും മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടിയാല്‍ ഫീസ്‌ തുച്ച്ചമാണ് എന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്.  വിദ്യാഭ്യാസത്തിനു വേണ്ടി മുടക്കുന്ന തുക, ഭദ്രമാക്കുന്നത് തങ്ങളുടെ ഭാവിയാണെന്ന് എന്ന ദീര്‍ഘവീക്ഷണം മാതാപിതാക്കള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.


ഇന്നത്തെ കുട്ടികളാണ് നാടിന്റെ ഭാവി, നല്ലൊരു നാടിനായി, നാടിന്റെ വികസനത്തിനായി അവരെ  നേര്‍വഴിക്ക് നയിക്കെന്ടത് ഓരോ പൌരന്റെയും കടമയാണ് . വായനമുരടിച്ചു കൊണ്ടിരിക്കുന്ന പുതിയ  കാലഘട്ടത്തില്‍, കമ്പ്യൂട്ടറും മൊബൈലും കാര്‍ന്നു തിന്നുന്ന ചെറുപ്പത്തെ,  വിജയപാതയിലെത്തിക്കാന്‍ ഉത്തമബോധമുള്ള ചെറുപ്പക്കാരായി വളര്‍ത്തിയെടുക്കാന്‍ ,  നമ്മള്‍ക്കെവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ