ഐ. സി. യു. നു പുറത്തെ സ്റ്റീൽ ബെഞ്ചിന്റെ തണുപ്പ് വിവേകിനെ ഒരല്പം പോലും ബാധിക്കുന്നുണ്ടായിരുന്നില്ല. കുറ്റബോധം മാത്രമായിരുന്നു ആ മനസിൽ, ജീവിതത്തിലൊരിക്കൽ പോലും തന്റെ ഹൃദയത്തിനിത്രയും ഭാരമുള്ളതായി അവനനുഭവപ്പെട്ടിട്ടില്ലായിരുന്നു..
അവന്റെ അവസ്ഥ മനസിലാക്കിയിട്ടാണോ അതോ കന്നഡ അല്ലാതെ മറ്റു ഭാഷയൊന്നും വശമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല കൂടെയിരിക്കുന്ന ചെറുപ്പക്കാരനായിരുന്ന ആ പോലീസ് കാരനും വിവേകിനോടൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആശുപത്രി വരാന്തയിൽ തളം കെട്ടി നില്കുന്ന നിശബ്ദത അവനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്..
****
ട്രൂ കോളറിൽ അവളുടെ പേര് കണ്ടിട്ടും ഫോണ് എടുക്കാൻ തോന്നിക്കാത്ത തന്റെ മനസിനെ ശപിക്കുകയായിരുന്നു വിവേക്..
ഒരു പക്ഷെ താൻ ആ കാൾ അറ്റൻഡ് ചെയ്തിരുന്നിരുന്നെങ്കിൽ ഒരിക്കലും അവൾക്ക് ഈ ഗതി വരുമായിരുന്നില്ല..
***************
4-5 വർഷങ്ങൾക്ക് ശേഷം പെട്ടെന്നൊരു ഫോണ് കാൾ,..
കാൾ എടുത്താലും എവിടെ തുടങ്ങണം, എന്തു പറയണം എന്നവന് അറിയില്ലായിരുന്നു, ഒരു പക്ഷെ ജീവിതത്തിൽ അവനേറ്റവും പ്രയാസപ്പെട്ടു പറിച്ചു കളഞ്ഞ ഓർമ്മകൾ ആയതിനാലാകാം...
**********************
പണ്ട് അവളുടെ ഒരു കാളിനായി ഭ്രാന്തനെ പോലെ ദിവസങ്ങളെണ്ണി കാത്തിരുന്നവൻ, ഇപ്പൊ ഒട്ടും പ്രതീക്ഷിക്കാതെ ആ പേരു വീണ്ടും മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഷോക്ക് ആയപോലെ.. ഹൃദയം സെക്കന്ഡില് രണ്ട് തവണയിലേറെ മിടിക്കുന്നുണ്ടായിരുന്നു..
*****************************
ചിന്തകൾ പിറകോട്ടു നടന്നു തുടങ്ങി ഒരുകാലത്ത് ,തനിക്ക് തന്നെക്കാളേറെ പ്രിയപ്പെട്ടവളായിരുന്നവൾ, പിന്നെ പെട്ടെന്നൊങ്ങോട്ടോ അപ്രത്യക്ഷമായപ്പോൾ...
***********************
രണ്ടു മണിക്കൂറിനു ശേഷംവീണ്ടും ആ പേര് സ്‌ക്രീനിൽ തെളിഞ്ഞു, അങ്ങേ തലയ്ക്കൽ ആ പോലീസ് കാരന്റെ പരുക്കൻ ശബ്ദം.. കന്നഡ കലർന്ന ഹിന്ദിയിൽ അയാളെന്തൊക്കെയോ പറഞ്ഞു. എത്രയും പെട്ടെന്ന് സെന്റ് ജോണ്സ് ഹോസ്പിറ്റലിൽ എത്തണം എന്നു മാത്രം മനസിലായി...
അവസാന ഔട്ട് ഗോയിങ് കോളിലേക്ക് റീഡയൽ ചെയ്തതാണ് ആ പോലീസുകാരൻ..
*********************
വീണ്ടും സെന്റ് ജോണ്സ് ഹോസ്പിറ്റൽ... !
24 മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നു ഡോക്ടർ പറഞ്ഞു..
അപ്പോഴേക്കും അവളുടെ ബന്ധുകളൊക്കെ ഏത്തുമായിരിക്കും, ബന്ധുക്കൾ എന്നു പറഞ്ഞു ആരായിരിക്കും വരിക !
രാവ് പുലരുവോളം അവളോടൊപ്പം കഥ പറഞ്ഞിരുന്ന എത്രയെത്ര ദിവസങ്ങൾ.. ഇന്നിപ്പോ പറയാൻ ബാക്കി വെച്ച ഒരുപാട് കഥകൾ മനസിലേക്ക് ഓടി വരുന്നുണ്ട്, അവയൊക്കെ കേൾക്കാൻ അവളെനി ഉണ്ടാകുമോ എന്ന ഭയം ഉറക്കം കെടുത്തുന്നു..
*********************
2018 ലാണ് അവളെ അവസാനമായി കണ്ടത്,
"വാടാ നമുക്ക് കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ഷോപ്പിംഗ് നു പോകാം " എന്ന് പറഞ്ഞു വിളിച്ചപ്പോൾ തെല്ലൊന്നു അതിശയിച്ചു...
"സാധാരണ നീ ആ വഴിക്ക് പോകാത്തതാണലോ. പിന്നെന്താ ഇന്നൊരു കൊമേഴ്സ്യൽ സ്ട്രീറ്റ് ? "
°നാട്ടിൽ പോണം, കസിന്റെ കല്യാണം ആണ്.. രണ്ടാഴ്ച നാട്ടിലായിരിക്കും.. വീട്ട്കാരും മറ്റു ബന്ധുകളും ഒക്കെ കെട്ടി എഴുന്നള്ളും...°
°ഇവിടെ ഇടുന്നതും കൊണ്ടു അവിടെ പോയിട്ടുനടന്നാൽ ജീവനോടെ കത്തിച്ചെന്നു വരും.°.
നാട്ടുകാരോട് പോകാൻ പറയണം, നമ്മളെന്ത് ഉടുക്കണം എന്നത് നമ്മളുടെ സ്വാതന്ത്ര്യം അല്ലെ. നീ ഇപ്പൊ ഉള്ളത് ഇട്ടാ മതി... °
°മോനെ, ഈ ഡയലോഗ് അടിക്കുന്ന പോലെ ഈസി അല്ല വിപ്ലവം കാണിക്കാൻ... അമ്മക്ക് സീനില്ല, അമ്മയെ ഞാൻ പറഞ്ഞു പറഞ്ഞു എന്റെ വഴി ആക്കിയിട്ടുണ്ട്.... °
°പക്ഷെ അച്ഛനങ്ങനല്ല.. പക്ഷെ പാവാ... അച്ഛന്റെ ചെറിയ ലോകല്ലേ... ആരേലും എന്തേലും പറയുന്നത് കേട്ടാൽ തന്നെ അച്ഛന് വിഷമാവും.. ഒന്നുമില്ലേലും എന്നെ എന്റെ ഇഷ്ടത്തിന് ഇങ്ങോട്ട് വിടുന്നില്ലേ..
എത്ര പിള്ളേരുണ്ടുന്നോ ഇത്രപോലും ചെയ്യാൻ പറ്റാതെ..°
അച്ഛനെ പറഞ്ഞിട്ടും കാര്യമില്ല, ബാംഗ്ലൂർ പോയാൽ പെണ്ണ് വഷളായീന്ന് കരുതുന്ന നാട്ടാരു ആണ്..
"മതി, പ്രസംഗിച്ചത്, എന്താ വേണ്ടത് നു വെച്ചാ വാങ്ങിക്കോ... "
"ആ, അതാ നല്ലത് "
4-5 സെറ്റ് ചൂരിദാറും കുർതിയുമൊക്കെ എടുക്കാം, ഒന്നു രണ്ടു ഷാളും വാങ്ങണം എന്റെ കയ്യിലിപ്പോ ഒന്നും ഇല്ല.. എല്ലാം കൂടി മൊത്തം 2-3k യിൽ ഒതുക്കണം..
അധിക നാളിടാനൊന്നും പോണില്ല.. അത്രയൊക്കെ ക്വളിറ്റി മതി... നാട്ടരെ ബോധിപ്പിക്കാൻ എന്തിനാ ഞാൻ എന്റെ കയ്യിലെ പൈസ കളയുന്നത്..
ഷോപ്പിംഗും കഴിഞ്ഞ് , ഒരു ഹൈദര്ബാദി ബിരിയാണിയും അടിച്ചു, രാത്രി നാട്ടിലേക്കുള്ള ബസ് കയറുമ്പോൾ അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു...
രണ്ടഴ്ച അവൾ ഇല്ലാതെ എങ്ങനെ തള്ളി നീക്കും എന്നാലോചിച്ച വിവേക് ഒരിക്കലും കരുതി കാണില്ല, വീണ്ടുമൊരു കൂടി കാഴ്ച ഈ രീതിയിൽ ആകുമെന്ന്, അതും ഇത്രയും വർഷങ്ങൾ കഴിഞ്ഞു..
**********************
ഹോസ്പിറ്റലിൽ എത്തിയപ്പോൾ, അവൾ അബോധാവസ്ഥയിൽ ആയിരുന്നു...
3-4പേര് ചേർന്നാണ് അവളെ....
UK യിലേക്ക് ജോലിക്കുള്ള ഇന്റർവ്യൂ എന്നാണ് കയ്യിലുണ്ടായിരുന്ന ലെറ്ററിൽ നിന്നും മനസിലായത്...
ഒരു നല്ല ജോലി വാങ്ങി എത്രയും പെട്ടെന്ന് ഈ നാട്ടിൽ നിന്നും രക്ഷപെടാൻ ആകും അവൾ ഇവിടെയെത്തിയത്.. കഴിഞ്ഞ 3+4 വർഷം അത്രയ്ക്ക് അനുഭവിച്ചുണ്ടവൾ...
************************
കസിന്റെ കല്യാണതലേന്നുള്ള അച്ഛന്റെ പെട്ടെന്നുള്ള മരണം അവളെ വല്ലാതെ തളർത്തി... അച്ഛനില്ലാത്ത ലോകം അമ്മയ്ക്കന്യമായിരുന്നു.. അമ്മയെകൂടി നഷ്ടപ്പെടുമോ എന്ന ഭയത്താൽ എല്ലാം
ഉള്ളിലൊതുക്കി, വീടിന്റെ താങ്ങും തണലുമായി സ്വയം മാറുമ്പോൾ അവൾ തിരിച്ചറിഞ്ഞില്ല സ്വന്തം പിടി മെല്ലെ വിട്ടു പോകുന്നുണ്ടെന്ന്.......
ഒന്നൊന്നര കൊല്ലം നാട്ടിലായിരുന്നു, വീട്ടിൽ തന്നെയായിരുന്നു എന്നു പറയുന്നതാകും ശരി. അതുവരെ ഉണ്ടായിരുന്ന ലോകത്തോട് പൂരണമായും "ഡിറ്റാച്ചിടായി", ആരോടും ഒന്നും മിണ്ടതെയും വിളിക്കാതെയും..
ഇത്രയും കാലം തുള്ളിച്ചാടി നടന്നവളെ ഡിപ്രഷൻ പിടികൂടുമെന്നു ആരും കരുതുയിരുന്നില്ല...
മാമന്റെ പരിചയത്തിലുള്ള സുഹൃത്തിന്റെ മകൻ, ദുബായിയിൽ മോശമല്ലാത്ത ജോലി... തന്റെ കല്യാണം കഴിഞ്ഞാൽ അമ്മയ്ക്കും അതൊരാശ്വാസമാകും എന്നു മനസിനെ വിശ്വസിപ്പിച്ചു....
പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് കഴുത്ത് നീട്ടികൊടുത്തത്, അവന്റെ കൂടെ ദുബായിലേക്ക് പറക്കുമ്പോൾ വീണ്ടും ജോലി ഒക്കെ ചെയ്തു തുടങ്ങണം എന്ന ഒരു ചെറിയ പ്രതീക്ഷ മാത്രമായിരുന്നു അവളുടെ മനസിൽ...
വളരെ പെട്ടെന്ന് തന്നെ ആ പ്രതീക്ഷ അവസാനിച്ചു... തന്റെ ഭാര്യ ജോലി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടു പോകേണ്ട ആവിശ്യം തനിക്കില്ല എന്നയാൾ തറപ്പിച്ചു പറഞ്ഞു. തന്റെ സുഹൃത്തുക്കളുടെ ഭാര്യമാരൊക്കെ അങ്ങനെയാണ്. സ്ത്രീകളെ ജോലിക്ക് വിടേണ്ട ആവിശ്യം തൽക്കാലം ഇവിടെ ഇല്ലാപോലും.. അയാൾക്ക് പൊതു ഇടങ്ങളിൽ പ്രദര്ശിപ്പിക്കാനും വീട്ടു ജോലിക്കും വേണ്ടി ഒരാൾ ,അതു മാത്രമായിരുന്നു അവൾ.. സ്വന്താമായി ഒന്നു പുറത്തുപോകാനുള്ള അവകാശം പോലും അവൾക്ക് നിഷേധിക്കപ്പെട്ടിരുന്നു.. പൊതുവെ സൗമ്യനും മിത ഭാഷിയുമായ അയാൾ പുരുഷാധിപത്യന്റെ മാകുടോദാഹരണമാണെന്നു തെളിയിക്കാൻ അധിക കാലമൊന്നുമെടുത്തില്ല..
പരിചയമില്ലാത്ത നാട്ടിൽ, ഒരൊറ്റമുറി ഫ്‌ളാറ്റിൽ.. അവൾക്ക് ജീവിതം വീണ്ടും കൈവിട്ടു പോകുന്നതായി തോന്നി..
സ്വാതന്ത്ര്യത്തിനൊരു പ്രശ്നമുണ്ട്, അതൊരിക്കൽ അനുഭവിച്ച ഒരാളെ നിങ്ങൾക്കൊരിക്കലും നാലു ചുവരുകൾക്കുള്ളിൽ തളച്ചിടാനാകില്ല, അവർ സ്വയം വിചാരിക്കാത്തടുത്തോളം..
വീട്ടിലെ ഒറ്റമോൾ, തന്റെ ഇഷ്ടത്തിന് കൂടെ നിൽക്കുന്ന പാരന്റസ്. 18ആം വയസിൽ നഴ്‌സിംഗ് പഠനത്തിനായി ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടതുമുതൽ, മൈ ലൈഫ് മെയിൻ റൂൾസ് എന്നു പറഞ്ഞു ജീവിച്ചവൾക്ക്, ഫ്‌ളാറ്റിൽ അടച്ചു പൂട്ടിയിരിക്കുന്നതിനു പരിധി ഉണ്ടായിരുന്നു.
അയാൾ അറിയാതെ അവൾ പുറത്തിറങ്ങി,
ദുബായി ക്രീക്കും , ബീച്ചും മരുഭൂമിയും പാർക്കുകളും ഓൾഡ് ദുബായിയും സൂക്കുമോകെ അവളുടെ പരിചയക്കാരായി, അവളുടെ ജീവിതത്തിനു വീണ്ടും "ജീവൻ" വച്ചു തുടങ്ങി..
ആ സന്തോഷത്തിനും അൽപായുസ്സായിരുന്നു.. പിടിക്കപ്പെട്ടത്തിന്റെ ഫലം ശരീരികോപദ്രവങ്ങളായിരുന്നു.. ഒടുവിൽ സഹികെട്ട് എല്ലാം ഇട്ടേറിഞ്ഞു ഓടിപോക്ന്നത് വരെ അതു തുടർന്നു.
******************************
ഇന്നിതവൾക്ക് വീണ്ടുമൊരു സ്വതന്ത്രസമരയാത്രയായിരുന്നിരിക്കണം.. തന്നെ മുൻവിധികളില്ലാതെ സ്വീകരിക്കപ്പെടുന്ന ഒരു ലോകത്തേക്ക്.. മറ്റള്ളവർ എന്തു ചിന്തിക്കും എന്നാലോചിച്ചു ഓരോ നിമിഷവും നീറി ജീവിക്കേണ്ടതായ ഒരിടത്തേക്ക്.. ഡൈവോഴ്സ് ആയി എന്നതൊരു പാപം ആയി കാണാത്ത നാട്ടിലേക്ക് രക്ഷപെടാൻ ആവും അവൾ ഇന്ന് ഇവിടെ ഈ ഇന്റർവ്യൂ നു എത്തിയത്...
പക്ഷെ ചെന്നെത്തിയതോ, കണ്ണിൽ ചോരയില്ലാത്ത ചെന്നായി കൂട്ടങ്ങൾക്കിടയിൽ. കടൽ കടന്ന് രക്ഷപെടാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ പ്രതീക്ഷയുടെ വിത്തുകളിൽ ചതിയൊളിപ്പിച്ചു തക്കം പാർത്തിരിക്കുന്ന ഇരപിടിയന്മാർ പുതിയ കാലത്തിന്റെ മറ്റൊരു സത്യം..
****************************
നൈറ്റ് ഡ്യൂട്ടിക്കുള്ള നേഴ്‌സുമാർ മാറി വന്നു..
പോലീസുകാരൻ അപ്പോഴും കൂടെ തന്നെ ഇരിപ്പുണ്ട്...
പണ്ടവൾക്ക് ഇവിടെ ഡ്യൂട്ടി തീരുമ്പോൾ, പിക്ക് ചെയ്യാനായി വന്നു കാത്തിരിക്കാറുള്ള ചായക്കട ഇപ്പോഴും അവിടെ തന്നെയുണ്ട്..
****************************
വിവേക് തൻറെ കണ്ണുകൾ തുടച്ചു,.. അവൾക്ക് ബോധം വരുമ്പോൾ ആദ്യം കാണുന്നത് തന്നെ ആയിരിക്കണം എന്നവൻ ഉറപ്പിച്ചു.
ബാംഗ്ലൂർ ബസിന്റെ ചില്ലു ഗ്ലാസ്സിലൂടെ അവളെ അവസാനമായി കണ്ട നേരത്തെ ചിരി തിരിച്ചു കൊണ്ടു വരാൻ വിഫലമായൊരു ശ്രമം നടത്തി.
പണ്ടെങ്ങോ ഹൃദയത്തിന്റെ ഏതോ മൂലയ്ക്ക് കുഴിച്ചു മൂടിയ ആ പഴയ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വന്നു...