21 ആം വയസ്സിൽ ആയിരുന്നു ജീവിതത്തിലെ ആദ്യ പിറന്നാൾ സമ്മാനം . ഓര്മ വെച്ച നാൾ മുതൽ എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിക്കാണ് അതിന്റെ ഫുൾ ക്രെഡിറ്റ്.
എഞ്ചിനീയറിംഗ് അവസാനവര്ഷത്തെ, പിറന്നാളിന്റെ തലേദിവസം, കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനു മുൻപേ ഭദ്രമായി എന്റെ ബാഗിൽ സമ്മാനപൊതി തിരികികയറ്റി അവൾ.
ക്ലാസിൽ അല്ലാതെ ബാഗ് തുറന്നു ശീലമില്ലാത്തതിനാൽ ഞാൻ ഒന്നും അറിഞ്ഞില്ല. രാത്രി കൃത്യം 12 മണിക്ക് അവളുടെ മെസ്സേജ്, അപ്പോഴാണ് ഞാൻ
സംഭവം കാണുന്നത്. ബാഗിൽ ചുവന്ന വർണ കടലാസിൽ പൊതിഞ്ഞ ഒരു പെട്ടി.
ത്രില്ലടിച്ച ഞാൻ ഉടനെ ആ പെട്ടി തുറന്നു. അതിനകത്തു വീണ്ടും ഒരു പെട്ടി. ഈ പരിപാടി കുറച്ചു കൂടി നേരത്തേക്ക് തുടർന്നു, 25 ഓളം പെട്ടികൾ ഇങ്ങനെ തുറക്കേണ്ടി വന്നു, അവസാനം മോതിര വലിപ്പത്തിൽ ഉള്ള ഒരു കുഞ്ഞു ബോക്സ്.
അതിനകത്തു ഒരു "അഞ്ചു പൈസ".
നല്ല ദേഷ്യം വരേണ്ടതാണ്, അതായിരുന്നിരിക്കും അവളുടെയും ഉദ്ദേശ്യം. പക്ഷെ മറ്റേ നൊസ്റ്റാൾജിയ കേറി വർക്ക് ചെയ്തത് കൊണ്ട് എനിക്ക് വല്ലാത്ത ഒരു അത് തോന്നി, ഏത്, ങാ അത് തന്നെ. സ്‌കൂൾ സമയത് നമ്മളെ അടുത്ത ചെങ്ങായിമാർ , ചങ്ക്‌സ് എന്നെ വിളിക്കുന്ന പേരായിരുന്നു ഈ അഞ്ചു പൈസ. അങ്ങനെ ഒരു ഗിഫ്റ്റ് അവൾ ക്കല്ലാതെ മറ്റാർക്കാനു തരാൻ കഴിയുക.
കാലം പിന്നെയും കുറച്ചുരുണ്ടു, ഇപ്രാവശ്യം ജീവിതത്തിലെ രണ്ടാമത്തെ പിറന്നാൾ ഗിഫ്റ്റും കിട്ടി, ആദ്യ ഗിഫ്റ്റ് കൂടെ ഒരുപാട് കാലം ഉണ്ടായിരുന്ന കൂട്ടുകാരിയുടെ വക ആയിരുന്നെങ്കിൽ, ഇത്തവണ ഇതുവരെ നേരിൽ കാണാത്ത എന്റെ ഏറ്റവും പുതിയ സുഹൃത്തിന്റെ വക ആയിരുന്നു. കഷ്ടപ്പെട്ട് അവൾ കൊറിയർ അയച്ച സാധനം ഇവിടെ എത്തിയപ്പോൾ പൊട്ടി തകർന്നു തരിപ്പണം ആയിപ്പോയി.
പൊട്ടിത്തകർന്നു ഉപയോഗ ശൂന്യമായ സമ്മാനം കണ്ടപ്പോ അതിൽ സങ്കടിക്കണോ സമ്മാനം കിട്ടിയതിൽ സന്തോഷിക്കണോ എന്ന ധര്മ സങ്കടത്തിൽ ആയിപോയി ഞാൻ.
ഓർത്തു വെക്കാൻ ഇതുപോലെ ഒരു നിമിഷമെങ്കിലും ബാക്കി വെക്കുമ്പോഴാകും ഓരോ സൗഹൃദവും അതിന്റെ പൂര്ണത്തിയിലെത്തുന്നത്.