2013, ഡിസംബർ 9, തിങ്കളാഴ്‌ച

ദില്ലി ഡയറി

ഡല്‍ഹി, ചര്‍ക്കയില്‍ നൂറ്റെടുത്ത നൂലും ദരിദ്രവാസി രാഷ്ട്രീയക്കാരെയുമൊക്കെ  പടിയടിച്ച്   പിണ്ഡം വെച്ച്, കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ തുടങ്ങിയത്  വര്‍ഷങ്ങള്‍ക്ക് മുന്നേ മോഹന്‍തോമസ് പറഞ്ഞു നമ്മളറിഞ്ഞതാണ് .. പിന്നീടങ്ങോട്ട് ഡല്‍ഹിയെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത്   മലയാള സിനിമയിലെ സ്പെഷല്‍ ഇന്‍വെസ്ടിഗേശന്‍ ഓഫീസറായി മാറി വരുന്നവരുടെ ചരിത്രത്തില്‍ നിന്നോ അല്ലേല്‍ കൊണ്ഗ്രസ്സുകാര്‍ ഗ്രൂപ്പ് വഴക്ക് തീര്‍ക്കുന്നതിന്ഹൈക്കമാണ്ടിനെ കാണാന്‍  വണ്ടി പിടിക്കുമ്പോഴോ ആണ്..
എന്നാല്‍ കഴിഞ്ഞ വര്ഷം മുതല്‍ ബലല്‍സംഗങ്ങളുടെ സ്വന്തം നാടായി തലസ്ഥാനം അറിയപ്പെട്ടു തുടങ്ങി .  ഒരു നാള്‍  പെണ്ണിന്റെ മാനത്തിന് വേണ്ടി യുദ്ധം ചെയ്ത ഇന്ദ്രപ്രസ്ഥം  ഇന്ന് അതേ മാനത്തിന്റെ ചുടലപറമ്പാണ്. നൂറു നൂറു രാജാക്കന്മാര്‍ തേരോടിച്ച രാജവീഥികള്‍, ഇന്നു കാമവെറി പൂണ്ട മനുഷ്യമൃഗങ്ങളുടെ കേളീ നിലമാണ്‌. 

ഒരു ദിവസം നാല് പീഡനങ്ങള്‍ വരെ നടക്കുന്ന സ്ഥലമാണ് ഡല്‍ഹി എന്നെവിടെയോ വായിച്ചു, എങ്കില്‍ അതില്‍ രണ്ടെണ്ണവും  നടക്കുന്നത്, ദില്ലിയുടെ പോഷക നഗരമായ  ഗുഡ്ഗാവ് (gurgaon) ഇല്‍ ആണ്.. ഗുഡ്ഗാവ് പേര് കേട്ട് നല്ല ഗ്രാമം എന്ന് തെറ്റിദ്ധരിക്കണ്ട, പുരാണത്തില്‍ കൌരവ-പണ്ടാവന്മാരുടെ ഗുരു, ദ്രോണാചാര്യരുടെ ഗ്രാമമായ  ഗുരു ഗ്രാമം ആണ് ഇന്നത്തെ ഗുഡ്ഗാവ് ഇന്തയിലെ ഏറ്റവും വേഗതയില്‍ വളരുന്ന നഗരമാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മെട്രോ റയില്‍ ഗുട്ഗാവിനു സ്വന്തം. "ഇന്ത്യയിലെ സിംഗപ്പൂര്‍" എന്നാണ് ഗുഡ്ഗാവ് അറിയപ്പെടുന്നത് ദില്ലി അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ കയ്യാളിയെങ്കില്‍,  ഗുഡ്ഗാവ് ബൂര്‍ശ്വാസികളുടെതാണ് .  ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും അരക്ഷിത നഗരവും ഗുഡ്ഗാവ് തന്നെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. നഗരവല്‍ക്കരണം സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും എന്നത്തിനു മറ്റൊരുദാഹരണമാണ് ഗുഡ്ഗാവ് എന്ന പുത്തന്‍ നഗരം. ആഡംബരവും അതിജീവനവും ഒരു മതില്‍ കെട്ടിനിരുവശവും വേര്‍തിരിച്ചൊരു നഗരം.. അരവയര്‍ നിരയക്കാന്‍ ഉടുതുണിയുരിയുന്നവരും രാവുകൊഴുപ്പിക്കാന്‍ മദ്യവും മദിരാശിയും കഞ്ചാവും തേടുന്നവനും ഒരുപോലെ പ്രിയപ്പെട്ട നഗരം.. 

2013 നവംബര്‍  30,

സഹപ്രവര്‍ത്തക ന്റെ ബര്‍ത്ത്ഡേ ട്രീറ്റ്‌ കഴിയുമ്പോഴേക്കും സമയം രാത്രി ഒമ്പത് മണിയായികാണും... മെട്രോ ട്രെയിന്‍ ഇറങ്ങിയപ്പോഴാണ് ഓര്‍ത്തത്‌  പുറത്തു നല്ല തണുപ്പുണ്ട് , സ്റ്റേഷന്‍ നില നിന്ന്  പത്തു പതിനഞ്ചു മിനിറ്റ് നടക്കണം റൂമിലേക്ക് .  ഇത്ര ലേറ്റ് ആകും എന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ തണുപ്പിനോട് മല്ലിടാന്‍ കാര്യമായി ഒന്നും കരുതിയിരുന്നില്ല,. 

കുറച്ചു ദൂരം നടന്നപ്പോള്‍, വഴിയില്‍ സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തില്‍ ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി നില്‍ക്കുന്നു , ചൂരിദാര്‍ ആണ് വേഷം.  കൂടെ, റേസര്‍ ബ്ലേടിന്റെ തലോടല്‍ ഏറ്റുതുടങ്ങിയിട്ടില്ലാത്ത, മുഖവുമായി, ഒരു കൌമാരക്കാരന്‍, അനിയനാവും..  കുട്ടിത്തം വിട്ടുമാറാത്ത ആ കണ്ണുകള്‍ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ..

ഇളം മഞ്ഞ നിറത്തിലുള്ള ഒരു ഹോണ്ട സിറ്റി റോഡരികില്‍  വന്നു നിര്‍ത്തി... ഏതാണ്ട് മുപ്പതിനടുത്ത്പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അതില്‍ നിന്നും ഇറങ്ങി അവ്ര്‍ക്കരികിലെക്ക് നീങ്ങി. അയാള്‍ ആദ്യം  രണ്ടു പേരോടുമായി എന്തൊക്കെയോ സംസാരിച്ചു, പിന്നെ ആ പെണ്‍കുട്ടിയോട് മാത്രവും. കുറച്ചകലെ ആയതിന്നാല്‍ ചില ആംഗ്യങ്ങള്‍ അല്ലാതെ എനിക്കൊന്നും വ്യക്തമായില്ല..

തുടര്‍ന്ന് ആ കൌമാരക്കാരന്റെ കയ്യില്‍ ഒരു കെട്ടു കൊടുത്ത് അവളെയും കൂട്ടി ആ കാര്‍ ഇരുട്ടിലേക്ക് മറഞ്ഞു..    നവംബറിന്റെ ഇളം തണുപ്പിനെ പ്രതിരോധിക്കാന്‍ ജീവനുള്ള ബ്ലാന്കെറ്റ് തേടിയിറങ്ങിയ ആഡംബരത്തിനു പെങ്ങളെ കാഴ്ച വെച്ചതിനു ലഭിച്ച കൂലിയുമായ് അവന്‍ നടന്നു തുടങ്ങി.. തന്റെ പെങ്ങള്‍ക്ക് താനിട്ട വിലയേക്കാള്‍ കൂടുതല്‍ കിട്ടിയിരിക്കണം അതാവും അവന്റെ സിഗരറ്റ് കറ പുരണ്ടു തുടങ്ങിയ ചുണ്ടുകളില്‍ വെളുത്ത്  തുടുത്ത ഒരു ചിരി അപ്പോഴും കുടുങ്ങി കിടപ്പുണ്ടായിരുന്നത്..